ഋഷിപഞ്ചമി-മാഹാത്മ്യം

ഭാദ്രപദ, ശുക്ലപഞ്ചമിയാണ് ഋഷിപഞ്ചമി ആയി ആചരിക്കപെടുന്നത്. ബ്രഹ്മാണ്ഡപുരാണം,ഹേമാദ്രീഖണ്ഡത്തിലും, ഭവിഷ്യോത്തര പുരാണത്തിലുമാണ്, ഋഷിപഞ്ചമി വ്രതകഥ പരാമര്‍ശിക്കപെട്ടിരിക്കുന്നത്.
ബ്രഹ്മാവ്,സിതാശനനെന്ന രാജാവിനോടു പറയുന്ന രീതിയിലാണ്  ഉപദേശം.

”ശ്രുണരാജന്‍പ്രവക്ഷ്യമി വ്രതാനാമുത്തമംവ്രതം,

പഞ്ചമിഋഷിപൂര്‍വ്വായാ സാ പാപക്ഷയകാരിണി.”

ഭവിഷ്യോത്തരത്തില്‍,”പ്രാപ്യ ഭാദ്രപദേ മാസേശുക്ളപക്ഷേതുപഞ്ചമി” എന്നു കാണുന്നു.
ഇതു കണക്കാക്കപെട്ടിരിക്കുന്നതു ചാന്ദ്രമാസമനുസരിച്ചാണന്നു മനസ്സിലാക്കണം.

അഞ്ചുതരംവര്‍ഷഗണനകള്‍

 1. സൗരം –  (ഭൂമി സൂര്യനെ ചുറ്റാനെടുക്കുന്ന സമയത്തെ അടിസ്ഥാനപെടുത്തി) 365 ദിവസം, 15 നാഴിക,  30വിനാഴിക.
 2. ചാന്ദ്രവര്‍ഷം – ചന്ദ്രനെ അടിസ്ഥാനപ്പെടുത്തി കണക്കാക്കുന്നു.354ദിവസം, 30 നാഴിക
 3. ബ്രാര്‍ഹസ്പത്യവര്‍ഷം – (വ്യാഴം ഒരു രാശിയില്‍ നിന്നു മറ്റൊരു രാശിയില്‍ കടക്കുന്ന കാലം) 361 ദിവസം.
 4. സാവനം
  ഒരു സൂര്യോദയം മുതല്‍ പിറ്റേ ദിവസം സൂര്യോദയം വരെയുള്ള സമയം ഒരു സാവനദിനം, ഇങ്ങനെ 30 സാവനദിനം, ഒരുസാവനമാസം. അപ്രകാരം സാവനവര്‍ഷമാനം 360ദിനം
 5. നാക്ഷത്രവര്‍ഷം – (ഒരുനക്ഷത്രത്തില്‍ സ്ഫുടഗതി കൊണ്ടു ചന്ദ്രന് നടക്കാനുള്ള കാലം, ഒരു നാക്ഷത്രദിനം. ഇങ്ങനെ 27 നാളിലും സ്ഫുടഗതി കൊണ്ടു സഞ്ചരിക്കുന്ന കാലം, ഒരു നാക്ഷത്രമാസം. ഇങ്ങനെ 12 വട്ടം സഞ്ചരിക്കുന്ന കാലം, നാക്ഷത്ര വര്‍ഷം-324ദിനം.
  ഇവ കൂടാതെ, ശകാബ്ദം, വിക്രമാബ്ദം, കൊല്ലവര്‍ഷം, ലോകമെങ്ങും അംഗീകരിച്ചിരിക്കുന്ന, ക്രിസ്ത്വബ്ദം, മുതലായ കാലഗണനകളും നിലവിലുണ്ട്.

ചാന്ദ്രമാസം

പ്രതിപദം, ദ്വിതിയ, ത്രിതിയാ….. തുടങ്ങിയുള്ള പക്കങ്ങള്‍, ഓരോ ചന്ദ്രദിനങ്ങള്‍. പൂര്‍വ്വപക്ഷപ്രതിപദത്തിന്റെ ആദി തുടങ്ങി അമാവാസിയുടെ ഒടുക്കം വരെയുള്ള കാലം, ഒരു ചാന്ദ്രമാസം.അങ്ങനെയുള്ള 12 മാസങ്ങള്‍ കൂടിയതു ഒരു ചാന്ദ്രവര്‍ഷം- 354 ദിനം വരും.

ചാന്ദ്രമാസങ്ങള്‍

 1. ചൈത്രം
  പൗര്‍ണ്ണമാസി വാവിൻറെ ഒടുക്കം, ചിത്തിരയിലോ, ചോതിയിലോ വരുന്ന മാസം.
 2. വൈശാഖം
  പൗര്‍ണ്ണമാസി വാവിൻറെ ഒടുക്കം, വിശാഖത്തിലോ, അനിഴത്തിലോ വരുന്നതു, വൈശാഖം.
 3. ജ്യേഷ്ഠം
  മേല്‍പ്രകാരം തന്നെ, ത്യക്കേട്ടയിലോ, മൂലത്തിലോ വരുന്നതു ജ്യേഷ്ഠ.
 4. ആഷാഢം
  മേല്‍പ്രകാരം പൂരാടത്തിലോ, ഉത്രാടത്തിലോ വരുന്നത്.
 5. ശ്രാവണം (ശ്രവണ)
  മേല്‍പറഞ്ഞ വണ്ണം, തിരുവോണത്തിലോ, അവിട്ടത്തിലോ വരുന്നതു, ശ്രാവണം.
 6. ഭാദ്രപദം (പ്രാഷ്ഠപദം)
  ചതയം, പൂരുട്ടാതി, ഉത്രുട്ടാതി ഈ മൂന്നില്‍ ഒരു നാളില്‍, മേല്‍പ്രകാരം വരുന്നതു പ്രോഷ്ഠപദം.
 7. ആശ്വിനം
  രേവതി, അശ്വതി, ഭരണി, ഈ മൂന്നു നാളുകളില്‍ ഒന്നില്‍, മേല്‍ പ്രകാരം വരുന്നതു ആശ്വിന മാസം.
 8. കാര്‍ത്തികം
  കാര്‍ത്തികയിലോ, രോഹിണിയിലോ, മേല്‍പ്രകാരം വരുന്ന മാസം, കാര്‍ത്തികം.
 9. മാര്‍ഗ്ഗശീര്‍ഷം (അഗ്രഹായ)
  മകയിരത്തിലോ, തിരുവാതിരയിലോ മേല്‍പ്രകാരം വരുന്നത്.
 10. പൗഷം
  പുണര്‍തത്തിലോ, പൂയത്തിലോ വരുന്നത്.
 11. മാഘം
  ആയില്യത്തിലോ, മകത്തിലോ വരുന്നതു മാഘം.
 12. ഫാല്‍ഗുനം
  പൂരം, ഉത്രം, അത്തം, ഈ മൂന്നു നാളുകളില്‍ ഒന്നില്‍, പൗര്‍ണ്ണമാസിയുടെ ഒടുക്കം വരുന്നതു ഫാല്‍ഗുനം.

മലയാളമാസം, സൗരം, ചാന്ദ്രം, ഇംഗീഷ് (ക്രിസ്ത്വബ്ദം )ഇവ താരതമ്യപെടുത്തി താഴെ      ചേര്‍ക്കുന്നു.

മലയാളമാസംസൗരംചാന്ദ്രംഇംഗീഷ് (ക്രിസ്ത്വബ്ദം )
മേടംമാധവം ചൈത്രം മാര്‍ച്ച്-ഏപ്രില്‍
ഇടവംശുക്രം വൈശാഖം ഏപ്രില്‍-മെയ്
മിഥുനംശുചിജേഷ്ഠം മെയ്-ജൂണ്‍
കര്‍ക്കടകംനഭംആഷാഢം ജൂണ്‍-ജൂലെെ
ചിങ്ങംനഭസ്യം ശ്രാവണംജൂലൈ-ആഗസ്റ്റ്
കന്നി ഇഷംഭാദ്രപദംആഗസ്റ്റ്-സെപ്തംബര്‍
തുലാം ഊര്‍ജ്ജം അശ്വിനംസെപ്തംബര്‍-ഒക്ടോബര്‍
വൃശ്ചികം സഹസ് കാര്‍ത്തിക ഒക്ടോബര്‍-നവംബര്‍
ധനു സഹസ്യംമാര്‍ഗ്ഗശീര്‍ഷംനവംബര്‍-ഡിസംബര്‍
മകരം തപസ് പൗഷംഡിസംബര്‍-ജനുവരി
കുംഭം തപസ്യംമാഘംജനുവരി-ഫെബ്രുവരി
മീനംമധുഫാല്‍ഗുനംഫെബ്രുവരി-മാര്‍ച്ച്

മാഹാത്മ്യകഥ

വിദര്‍ഭരാജ്യത്ത്, ഉത്തങ്കനെന്നു പേരുള്ള ഒരു ബ്രാഹ്മണന്‍ ഉണ്ടായിരുന്നു. അദ്ദേഹത്തിന്റെ പത്നിയായിരുന്നു സുശീല. ഇവര്‍ക്കു രണ്ടു സന്തതികളുണ്ടായി, ഒരു പുത്രനും, ഒരു പുത്രിയും. യഥാകാലം വിവാഹിതയായ പെണ്‍കുട്ടി, ഏറെ താമസിയാതെ തന്നെ വിധവയായി തീര്‍ന്നു. അതീവ ദുഃഖിതയായി തീര്‍ന്ന പുത്രിയും ബ്രാഹ്മണദമ്പതികളും ഋഷിപഞ്ചമിവ്രതം ആചരിച്ചു സംസാരദുഃഖത്തില്‍ നിന്നുമോചിതരായി.
വര്‍ണ്ണഭേദമില്ലാതെ ഏവര്‍ക്കും ഋഷിപഞ്ചമി വ്രതം ആചരിക്കാം.

”സര്‍വ്വ പാപ പ്രമാനി സര്‍വ്വോപദ്രവനാശിനി
ബ്രഹ്മ ക്ഷത്രിയ വിട്ശൂദ്രൗഃ
സ്ത്രീഭിഃകാര്യവിശേഷതഃ”

ഋതുസമ്പര്‍ക്കദേഷത്തിനും (രജോദോഷപ്രായശ്ചിത്തം) ഋഷിപഞ്ചമി വ്രതമാണ് വിധിച്ചിരിക്കുന്നത് .

“വ്രതംഋഷിപഞ്ചമ്യാഃ കൃതേനൈവദ്വിജോത്തമ!
ഋതുസമ്പര്‍ക്കജോദോഷഃ ക്ഷയം യാതി ന സംശയഃ”

ഋതുസമ്പര്‍ക്കദോഷം – കഥ

ഭൗവന വിശ്വകര്‍മ്മ ഋഷിയുടെ പൗത്രനായിരുന്നു (ത്വഷ്ടാപുത്രന്‍ )വിശ്വരൂപന്‍. ത്രിമുഖനായിരുന്നതിനാല്‍ ,”ത്രിശിരസ് ”എന്നുംഅദ്ദേഹത്തിനു പേരുണ്ടായിരുന്നു. വിശ്വരൂപന്‍ ഒരിക്കല്‍ ദേവഗുരുവായി തീര്‍ന്നു.
വിശ്വരൂപന്റെ പിതാവ് ത്വഷ്ടാവും ദേവേന്ദ്രനും തമ്മില്‍ ആദ്യകാലം മുതല്‍ക്കേ വൈരികളായിരുന്നു. ഇന്ദ്രനെ അടക്കി നിര്‍ത്തുക എന്ന ഉദ്ദേശത്തോടുകൂടിയായിരുന്നു വിശ്വരൂപന്റെ സൃഷ്ടിതന്നെ. വിശ്വരൂപന്റെ മാതാവ് അസുര സ്ത്രീയായ ”രചന” ആയിരുന്നു. അതിനാല്‍ അച്ഛന്റെ ബന്ധുക്കളായ ദേവന്മാരോടപ്പം അമൃതപാനവും മാതാവിന്റെ ബന്ധുക്കളോടപ്പം സുരപാനവും ത്രിശിരസ് പതിവാക്കി.

ഇന്ദ്രന് ഇതൊട്ടും രസിച്ചില്ല. ഇന്ദ്രന്‍ ചതിയാല്‍ ത്രിശിരസ്സിനെ വധിച്ചു. ത്രിശിരസ്സു വീണ്ടും ജീവിച്ചാലോ എന്നു കരുതി ഇന്ദ്രന്‍ വിശ്വരൂപന്റെ ശിരസ്സുകള്‍ വെട്ടി മൂന്നാക്കി. സോമപാനം ചെയ്ത ശിരസ്സു’ കപിഞ്ലപക്ഷിയായും, സുരപാനം ചെയ്ത ശിരസ്സു’ കപിഗമായും, അന്നഭോജനം ചെയ്ത ശിരസ്സ് തിത്തിരികളുമായിത്തീര്‍ന്നു.

വിശ്വരൂപന്‍ ഗുരുവും ത്വഷ്ടാപുത്രനുമാകയാല്‍ ഇന്ദ്രനു ബ്രഹ്മഹത്യപാപം പിടിപെട്ടു. ഒരു വര്‍ഷം പാപം അനുഭവിച്ചശേഷം ബ്രഹ്മനിര്‍ദ്ദേശത്തെതുടര്‍ന്നു അതിനെ നാലായി പകുത്തു. ഒന്നാം ഭാഗം ഭൂമിയില്‍ നിക്ഷേപിച്ചു . അതു ഇന്ദുപ്പായി പരിണമിച്ചു. രണ്ടാം ഭാഗം ജലത്തില്‍ നിക്ഷേപിച്ചു. അതു നുരയും പതയുമായി. മൂന്നാം ഭാഗം വ്യക്ഷത്തില്‍ നിക്ഷേപിച്ചു. അതു കറയായി. നാലാം ഭാവം സ്ത്രീകളില്‍ നിക്ഷേപിച്ചു. സ്ത്രീ “അതു കാമമൊഴിയാതെനില്‍ക്കും” എന്നു പറഞ്ഞു സ്വീകരിച്ചു. പ്രതിമാസം രജോരൂപത്തില്‍ അതു സ്ത്രീകളില്‍ സ്ഥിതി ചെയ്യുന്നു.

സ്ത്രീ ഋതുകാലങ്ങളില്‍ ഒന്നാംദിനം ചണ്ഡൊലിക്കും രണ്ടാംദിനം ബ്രഹ്മഹത്യാപാപിക്കും മൂന്നാംദിനം രജകിക്കും തുല്യ അവസ്ഥയുള്ളവളായി കരുതുന്നു. (പ്രഥമേfഹനിചണ്ഡാലി,ദ്വിതിയേബ്രഹ്മഘാതിനി,ത്രിതിയേ രജകി,പ്രോക്തംചതുര്‍ഥേfഹിശുദ്ധ്യതി )ഈ കാലങ്ങളിലുള്ള സമ്പര്‍ക്കം പാപമായി കരുതുന്നു.ഈ പാപമാണ് ഋതു സമ്പര്‍ക്കജാദോഷം. ഇതിനു പരിഹാരമായി സ്ത്രീകള്‍ക്കു ഋഷിപഞ്ചമീവ്രതം നിർദ്ദേശിച്ചിരിക്കുന്നു. ഈ വ്രതത്തിന് സപ്തര്‍ഷികളെ അരുന്ധതിയോടപ്പം പൂജിക്കണമെന്നതാണു വിധി.(വൈദിക ഋഷിമാരെ ആരാധിക്കുവാനുള്ള തിഥിയായിഋഷിപഞ്ചമിയെ കരുതാം ).

”പൂജയസ്വ സപ്തര്‍ഷീനരുന്ധത്യാസമാന്വിതാന്‍
കശ്യപോfത്രിര്‍ ഭരദ്വാജോവിശ്വാമിത്രാfഥഗൗതമ
ജമദഗ്നിര്‍വസിഷ്ഠശ്ച,സ്വാദ്ധിചൈവാfപ്യരുന്ധതി
മന്ത്രേണfനേനസപ്തര്‍ഷീന്‍,പൂജയേത്സുസമാഹിതഃ
വ്രതേനഋഷിപഞ്ചമ്യഃകൃതേനൈവദ്വിജോത്തമ
ഋതുസമ്പര്‍ക്കജോദോഷഃക്ഷയംയാതി ന സംശയഃ”

ഹിന്ദു പുരാണമനുസരിച്ചു ഓരോ മന്വന്തരങ്ങളിലും സപ്തര്‍ഷികളുടെ പേരുകളിള്‍ വ്യത്യാസമുണ്ട്.

 • ഒന്നാം മന്വന്തരമായ സ്വായംഭൂമന്വന്തരത്തില്‍ മരീചി, അംഗിരസ്, അത്രി, പുലഹന്‍, ക്രതു, പുലസ്ത്യന്‍, വസിഷ്ഠന്‍ എന്നിവരായിരുന്നു സപ്തര്‍ഷികള്‍.
 • ഏഴാംമന്വന്തരമായ ഇപ്പോള്‍,വസിഷ്ഠന്‍ (കൗണ്ഡിന്യന്‍ )കശ്യപന്‍, അത്രി, ജമദഗ്നി, ഗൗതമന്‍, വിശ്വാമിത്രന്‍, ഭരദ്വാജന്‍ ഇവരാണ് സപ്തർഷി സ്ഥാനംവഹിക്കുന്നവര്‍.

വിശ്വകര്‍മ്മാവും സപ്തര്‍ഷികളുമായുള്ള ബന്ധം ശ്രുതിപ്രസിദ്ധമാണ്.
(വിശ്വകര്‍മ്മാമാം സപ്തര്‍ഷിഭി രുദീച്യാദിശ…../യത്രസപ്തര്‍ഷീന്‍പരഏകമാഹുഃ…..etc )
വിശ്വകര്‍മ്മ പാഞ്ചാലബ്രാഹ്മണരുടെ ഗോത്രകാരകന്മാരും ഈ സപ്തർഷികളിൽ
പെടുന്നവരാണന്നു സ്കന്ദപുരാണംപറയുന്നു.

”മനോകൗണ്ഡിന്യഗോത്രസ്യാത്,മയാനാമത്രിഗോത്രഃ
ത്വഷ്ടഗോത്രംഭരദ്വാജതക്ഷാഗൗതമഗോത്രജഃ
കശ്യപംശില്പി ഗോത്രസ്യാത് ഏവംഗോത്രമുദാഹൃതം”

ഋഷിപഞ്ചമിയെ പറ്റി പറഞ്ഞു പ്രചരിച്ചു വരുന്ന മറ്റു ചില വിശ്വാസങ്ങള്‍

 • സ്വയംഭൂ വിശ്വകര്‍മ്മാവ് സനഗന്‍, സനാതനന്‍, അഹഭൂണന്‍, പ്രത്നന്‍, സുപര്‍ണ്ണന്‍,എന്നിവര്‍ക്ക് (ചിലർ മനുമയാദികള്‍ക്കെന്ന് )ദര്‍ശ്ശനം നല്‍കിയ ദിവസം.
 • പ്രാചീനഭാരതത്തിലെ വേദപാഠത്തിനു ശേഷമുള്ള വ്രത (വേദശ്രവണം )ദിനങ്ങള്‍.
 • അസുരന്മാര്‍ യജ്ഞത്തിനു ‘വപ’ സമ്പാദിക്കുവാന്‍ ധാന്യങ്ങള്‍ വിതക്കുന്ന ദിനം.
 • ഭുവനാപുത്ര വിശ്വകര്‍മ്മ ഋഷിയുടേയും അംഗിരബ്രഹ്മര്‍ഷിയുടേയും ജയന്തി.

ഋഷിപഞ്ചമീവ്രത പൂജാവിധി

ഈ വ്രതം അനുഷഠിക്കുന്നവര്‍ നദിയിലോ ജലാശയത്തിലാ പോയി കുളിച്ചു മുറ്റത്തു ചാണകം മെഴുകി അഷ്ടദളമോ സര്‍വ്വതോഭദ്രമോ പത്മമിട്ട് ചെമ്പുകുടം അലങ്കരിച്ചു അതില്‍ സ്ഥാപിക്കണം.സപ്തര്‍ഷികളേയും അരുന്ധതിയേയും അതില്‍ പൂജിക്കണം.ആദ്യമായി സങ്കല്പം ചെയ്യണം. അതിനു ശേഷം സപ്തര്‍ഷികളെ ഭക്തിപുരസരം ധ്യാനിക്കണം.

”ഭൂതംബ്രഹ്മണ്യദേവസ്യബ്രഹ്മണതേജഉത്തമം.

സൂര്യകോടിപ്രതീകാശാമൃഷിവൃന്ദംവിചിന്തയേ”

അതിനുശേഷം ഋഷിമാരെ അരുന്ധതി സഹിതം, പാദ്യം, അര്‍ഘ്യം, ആചമനം, വസ്ത്രം, യജ്ഞോപവീതം, ഗന്ധം, പുഷ്പം, ധൂപം, ദീപം, നൈവേദ്യം ഇവയാല്‍ ഫലതാംബൂലാദികള്‍ സമര്‍പ്പിച്ചു പൂജിക്കണം.
അനന്തരം പഞ്ചഗവ്യം, കുശ ഇവയാല്‍ ഹോമം നടത്തണം. ദേവതകള്‍, പൃഥി, വിഷ്ണു, രുദ്രന്‍, ബ്രഹ്മാവ്, അഗ്നി, സോമന്‍, ഗായത്രി, സാവിത്രി, പ്രജാപതി, അഗ്നിസൃഷ്ടകൃത്.
ഇങ്ങനെ 10 ആഹൂതിക്കു ശേഷം പഞ്ചഗവ്യം പ്രാശിക്കണം.പിന്നീട് പ്രദക്ഷിണം, നമസ്കാരം, പ്രാര്‍ത്ഥന, ദാനം, ഫലസംയുക്തദക്ഷിണ, ക്ഷമാപ്രാര്‍ത്ഥന, പൂജാവിസര്‍ഗ്ഗനം ഇങ്ങനെ വിധി.

………………………………………………………………………………………………………………………………………………………………….

Share

Leave a Reply

Your email address will not be published. Required fields are marked *