ആർട്ടിഫിഷ്യൽ ഇന്റലിജൻസ്

സംശയങ്ങൾ ചോദ്യങ്ങളാകും. ചോദ്യങ്ങൾ ഉത്തരങ്ങൾക്കും അതുവഴി കണ്ടുപിടിത്തങ്ങൾക്കും വഴിമാറും. ശാസ്ത്രത്തിന് ഒരു പ്രത്യേകതയുണ്ട്. അവിടെ സംശയങ്ങൾ തീരുന്നില്ല. അതുകൊണ്ടുതന്നെ നിരന്തരമായ സമസ്യകൾക്ക് ഉത്തരങ്ങൾ ഉണ്ടായിക്കൊണ്ടിരിക്കേണ്ടത് അനിവാര്യമാണ്.

ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ വിപ്ലവകരമായ സാങ്കേതികവിദ്യയായ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അഥവാ കൃത്രിമബുദ്ധിയുടെ ഉറവിടവും ഇതുപോലെ ഒരു ചോദ്യമാണ്. മനുഷ്യന്റെ ബുദ്ധിയും വിവേകവും ഉള്ള യന്ത്രം നിർമ്മിക്കുവാൻ സാധിക്കുമോ?

എന്താണ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ്? എന്തൊക്കെയാണ് ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സാദ്ധ്യതകൾ? എന്താണ് ഈ സാങ്കേതികവിദ്യയുടെ ഭാവി? അങ്ങനെ ആർട്ടിഫിഷ്യൽ ഇന്റലിജൻസിനെ കുറിച്ച് എണ്ണിയാൽ തീരാത്ത സംശയങ്ങളാണ്.

ആധുനിക കംപ്യൂട്ടിങിന്റെയും ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെയും പിതാവ് ഇംഗ്ലീഷ് ഗണിത ശാസ്ത്രജ്ഞനായ അലൻ ട്യൂറിംഗ് ആണ് . ജർമൻ ആർമിയുടെ ENIGMA MACHINE  എൻക്രിപ്റ്റഡ് കോഡുകൾ ഡീക്രിപ്ട് ചെയ്യുക വഴി അലൻ ട്യൂറിംഗിന് രണ്ടാം ലോക മഹായുദ്ധത്തിന്റെ ദൈർഘ്യം കുറയ്ക്കുവാനും ഒട്ടനവധി ജീവനുകൾ രക്ഷിക്കുവാനും കഴിഞ്ഞു. “ACE” എന്ന ബ്രിട്ടന്റെ ആദ്യത്തെ General Purpose Electronic Computer വികസിപ്പിച്ചെടുത്തത് അലൻ ട്യൂറിംഗ് ആണ്.

യന്ത്രങ്ങൾക്ക് മനുഷ്യനെ പോലെ ചിന്തിക്കുവാനുള്ള കഴിവുണ്ടോ എന്ന ചോദ്യത്തിൽ നിന്നാണ് അലൻ ട്യൂറിംഗ് Turing Test കണ്ടു പിടിച്ചത്. ഒരു കംപ്യൂട്ടറിനോടും ഒരു മനുഷ്യനോടും ഒരുപോലെ ചോദ്യങ്ങൾ ചോദിക്കുക, മനുഷ്യനെപ്പോലെ കമ്പ്യൂട്ടറിനു ഉത്തരം നല്കാൻ കഴിഞ്ഞാൽ കമ്പ്യൂട്ടർ Turing Test പാസ്സാകും. ഇന്നും CAPTCHA പോലുള്ള സാങ്കേതികവിദ്യയിൽ Turing Test ആണ് പ്രയോജനപ്പെടുത്തുന്നത്.

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് എന്ന പദം ആദ്യമായി ഉപയോഗിച്ചത് അമേരിക്കൻ കമ്പ്യൂട്ടർ ശാസ്ത്രജ്ഞനായ ജോൺ മക്കാർത്തി ആണ്. 1955 ൽ. 1956 ലെ ഡാർട്ട്‍മൗത്ത് കോൺഫറൻസിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസിനെ കമ്പ്യൂട്ടർ സയൻസിന്റെ ഒരു ശാഖയായി തന്നെ അംഗീകരിച്ചു ഗവേഷണങ്ങൾ തുടങ്ങി. ജോൺ മക്കാർത്തിയോടും അലൻ ട്യൂറിംഗിനോടുമൊപ്പം മറവിന് മിൻസ്കി, അലൻ ന്യൂവൽ, ഹെർബർട്ട് എ സൈമൺ, എന്നീ കമ്പ്യൂട്ടർ ശാസ്ത്രജ്ഞന്മാരും ആർട്ടിഫിഷ്യൽ ഇന്റലിജൻസിൻറെ വളർച്ചയിൽ തങ്ങളുടേതായ സ്ഥാനം അലങ്കരിക്കുന്നവരാണ്.

എന്താണ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ്? മനുഷ്യനെപ്പോലെ ചിന്തിക്കുവാനും പ്രവർത്തിക്കുവാനും കഴിയുന്ന യന്ത്രങ്ങളെ നിർമ്മിക്കുക എന്നതാണ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് എന്ന ശാസ്ത്രശാഖയുടെ പരമമായ ലക്ഷ്യം.

ഭൂമിയിലെ മറ്റു ജീവജാലങ്ങളിൽ നിന്നും മനുഷ്യനെ വേറിട്ടുനിർത്തുന്നത് ചിന്താശേഷിയും സാഹചര്യങ്ങൾക്കനുസൃതമായി പ്രവർത്തിക്കുവാനുള്ള കഴിവുമാണ്. ഇതേപോലെ വിവേകമുള്ള യന്ത്രങ്ങളെ നിർമ്മിക്കുക എന്നത് സാധ്യമാണോ? എൻജിനീറിങ്ങിന്റെ സാദ്ധ്യതകൾ ഉപയോഗിച്ചുകൊണ്ട് ബുദ്ധിയും വിവേകവുമുള്ള യന്ത്രങ്ങളെ നിർമ്മിക്കുക, അതായിരുന്നു ആർട്ടിഫിഷ്യൽ ഇന്റലിജൻസിനെക്കുറിച്ചുള്ള ജോൺ മക്കാർത്തിയുടെ കാഴ്ചപ്പാട്.

മനുഷ്യനെപ്പോലെ ചിന്തിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്ന യന്ത്രങ്ങളുടെ രൂപകല്പനയാണ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് എന്ന ശാസ്ത്രശാഖ ലക്ഷ്യം വയ്ക്കുന്നത്. സ്പീച് റെക്കഗ്നിഷൻ, ഫേസ് റെക്കഗ്നിഷൻ തുടങ്ങിയ ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ മേഖലകൾ ഇന്ന് നമുക്ക് സുപരിചിതമാണ്.

ഗൂഗിളിന്റെ PREDICTIVE SEARCH എന്ന സാങ്കേതികവിദ്യ നിങ്ങൾ പലപ്പോഴും പ്രയോജനപ്പെടുത്തിയിട്ടുണ്ടാകും. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വഴി നിങ്ങൾ എന്താണോ തിരയുവാൻ ഉദ്ദേശിക്കുന്നത് എന്ന് സേർച്ച് എൻജിൻ കണ്ടെത്തുന്നു. അതിൻപ്രകാരം നിർദ്ദേശങ്ങൾ വരികയും അതിൽ നിന്നും നിങ്ങളുടെ SEARCH TERM നിങ്ങൾ തിരഞ്ഞെടുക്കുകയും ചെയ്യുന്നു. നിങ്ങളുടെ ലൊക്കേഷൻ, വയസ്സ്, മറ്റു വ്യക്തിപരമായ വിവരങ്ങൾ എന്നിവ ഗൂഗിൾ ഇതിനായി പ്രയോജനപ്പെടുത്തുന്നു.

ഗൂഗിളിന്റെ VOICE SEARCH സംവിധാനം മുഖാന്തിരം സേർച്ച് ബാറിൽ ടൈപ്പ് ചെയ്യാതെ തന്നെ നിങ്ങൾക്ക് സേർച്ച് റിസൾട്ടുകൾ ലഭ്യമാകുന്നതാണ്. SEARCH BY VOICE എന്ന ഓപ്ഷൻ ഇതിനായി പ്രയോജനപ്പെടുത്താം. SPEECH RECOGNITION എന്ന ആർട്ടിഫിഷ്യൽ ഇന്റലിജൻസിൻറെ മേഖലയാണ് ഇതിനു പിന്നിൽ.

ഫേസ്ബുക്കിൻറെ FACE RECOGNITION സംവിധാനം ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ചാണ് പ്രവർത്തിക്കുന്നത്. ഫേസ്ബുക്ക് അക്കൗണ്ടുള്ള നിങ്ങളുടെ ഒരു സുഹൃത്തുമായുള്ള ചിത്രം നിങ്ങളുടെ ടൈം ലൈനിൽ ഇടുമ്പോൾ ടാഗ് സജഷൻസ് വരുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടാകുമല്ലോ? എങ്ങനെയാണ് ഇത് സാധ്യമാകുന്നത്? കുറെയേറെ അക്കങ്ങളുടെ ഒരു ശൃംഖലയാണ് ടെംപ്ലേറ്റ്. ഓരോ വ്യക്തികളുടെയും മുഖത്തിന് ഓരോ ടെംപ്ലേറ്റ് ആയിരിക്കും. ഫിംഗർപ്രിന്റുകൾ പോലെ. പുതിയൊരു ചിത്രം ഫേസ്ബുക്കിൽ അപ്‌ലോഡ് ചെയ്യുമ്പോൾ ഈ ടെംപ്ളേറ്റുകൾ താരതമ്യം ചെയ്യപ്പെടുകയും ഫേസ്ബുക് ഡാറ്റാബേസിൽ ഉള്ള ടെംപ്ലേറ്റ് ആണെങ്കിൽ ഓട്ടോമാറ്റിക് ആയി ആ വ്യക്തിയുടെ ടാഗ് സജഷൻസ് വരികയും ചെയ്യുന്നു.

നിങ്ങളുടെ ജിമെയിൽ ഇൻബോക്സിൽ വരുന്ന മെയിലുകൾ പ്രൈമറി, സോഷ്യൽ, പ്രൊമോഷൻസ്, സ്പാം എന്നിങ്ങനെ തരംതിരിക്കുന്നതെങ്ങനെയാണ്? ഇതിനു പിന്നിലും ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സാധ്യത ആണ് പ്രയോജനപ്പെടുത്തിയിരിക്കുന്നത്. അതുപോലെ തന്നെ ജിമെയിലിലെ SMART REPLY, AUTOMATIC REPLY എന്നിവയും ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ ആപ്പ്ളിക്കേഷൻസ് ആണ്.

ആമസോൺ പോലെയുള്ള ഓൺലൈൻ ഷോപ്പിംഗ് സൈറ്റുകളിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വൻതോതിൽ ഉപയോഗിക്കുന്നുണ്ട്. ഉദാഹരണത്തിന് നിങ്ങൾ ആമസോണിൽ നിന്ന് ഒരു ഹെഡ്സെറ്റ് വാങ്ങുവാൻ ഉദ്ദേശിക്കുകയാണ് എന്ന് കരുതുക. ആമസോൺ വെബ്സൈറ്റ് വിസിറ്റ് ചെയ്യുകയും എന്നാൽ നിങ്ങൾ ഉദ്ദേശിച്ച വിലയേക്കാൾ കൂടുതൽ ആയതിനാൽ വെബ്സൈറ്റിൽ നിന്നും തിരിച്ചിറങ്ങുകയും ചെയ്തു. ശേഷം നിങ്ങൾ മറ്റേതെങ്കിലും വെബ്‌സൈറ്റിൽ കയറുമ്പോൾ ആമസോണിന്റെ പരസ്യം കാണുന്നത് ശ്രദ്ധിച്ചിട്ടുണ്ടോ? ഒന്നുകിൽ നിങ്ങൾ സെർച്ച് ചെയ്ത ഉത്പന്നത്തിനോട് സാമ്യമുള്ള മറ്റേതെങ്കിലും ഉത്പന്നങ്ങൾ കാണിക്കുകയോ അല്ലെങ്കിൽ നിങ്ങൾ വാങ്ങുവാൻ ഉദ്ദേശിച്ച ഉല്പന്നത്തിന്റെ വില കുറഞ്ഞു എന്ന പരസ്യമോ കാണിക്കാറില്ല? ഇത് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് എന്ന സാങ്കേതികവിദ്യയുടെ മികവാണ്.

ഗൂഗിൾ മാപ്പ് ഉപയോഗിക്കുമ്പോൾ ട്രാഫിക് കുറവുള്ള റൂട്ടുകൾ കാണിച്ചുതരാറില്ലേ? അതുപോലെ ചാറ്റ് ബോട്ടുകളുടെ സേവനങ്ങൾ നിങ്ങൾ പ്രയോജനപ്പെടുത്തിയിട്ടില്ലേ? ഇവയെല്ലാം ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ ഭാഗമാണ്. നിത്യജീവിതത്തിൽ നമുക്ക് സുപരിചിതമായ ഇത്തരം ആപ്പ്ളിക്കേഷനുകൾക്കുമപ്പുറം ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സാധ്യതകൾ അനന്തമാണ്.

മെഷീൻ ലേർണിംഗ് , ന്യൂറൽ നെറ്റ് വർക്ക്‌സ് , റോബോട്ടിക്‌സ്, സ്പീച് റെക്കഗ്നിഷൻ, നാച്വറൽ ലാംഗ്വേജ് പ്രോസസിങ്, എന്നിങ്ങനെ ആർട്ടിഫിഷ്യൽ ഇന്റലിജൻസിന് ഒട്ടനവധി മേഖലകൾ ഉണ്ട്. കൂടാതെ ഈ കഴിവുകൾ കൃത്രിമമായി മെഷീനുകൾക്ക് പ്രോഗ്രാമുകൾ വഴി പകർന്നു നൽകുകയും മനുഷ്യനെപ്പോലെ വിവേകപരമായി ചിന്തിക്കുവാനും പ്രവർത്തിക്കുവാനും അവയെ പ്രാപ്തമാക്കുകയും ചെയ്യുന്നു.

നമ്മൾ മനുഷ്യർക്ക് സംസാരിക്കുവാനും മറ്റുള്ളവർ സംസാരിക്കുന്ന കാര്യങ്ങൾ മനസ്സിലാക്കുവാനുള്ള കഴിവുമുണ്ട്. ഈ കഴിവുകൾ പ്രയോജനപ്പെടുത്തുന്ന ആർട്ടിഫിഷ്യൽ ഇന്റലിജൻസിൻറെ മേഖലയാണ് SPEECH RECOGNITION.

SOPHIA എന്ന റോബോട്ടിനെ പറ്റി നമുക്ക് അറിവുണ്ടായിരിക്കുമല്ലോ? സോഫിയയുടെ ഇന്റർവ്യൂകളും കണ്ടിട്ടുണ്ടാകും. എങ്ങനെയാണു ഈ റോബോട്ട് ചോദ്യങ്ങൾക്ക് കൃത്യമായ ഉത്തരങ്ങൾ നൽകുകയും അഭിപ്രായങ്ങൾ പറയുകയും ചെയ്യുന്നത്? സ്പീച്ച് റെക്കഗ്നിഷൻ സംവിധാനമാണ് ഇതിനായി ഉപയോഗിച്ചിരിക്കുന്നത് നമ്മുടെ ചോദ്യങ്ങൾ വളരെ ശ്രദ്ധാപൂർവ്വം കേൾക്കുകയും ഇതിനെ മനസ്സിലാക്കുകയും കൃത്യതയോടെ ഉത്തരങ്ങൾ നൽകുകയും ചെയ്യുന്ന റോബോട്ട് SOPHIA ആർട്ടിഫിഷ്യൽ ഇന്റലിജൻസ് എന്ന വിസ്മയത്തെ നമുക്ക് മുന്നിൽ തുറന്നുകാട്ടുന്നു.

ആശയവിനിമയത്തിനുള്ള ഉപാധിയാണ് ഭാഷ അല്ലെങ്കിൽ ലാംഗ്വേജ്. ഒരു കമ്പ്യൂട്ടർ പ്രോഗ്രാമിന് നാം സംസാരിക്കുന്ന ഭാഷ മനസ്സിലാക്കുവാനും അതിനനുസരിച്ച് മറുപടി നൽകാനും കഴിയുമോ? ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ ഈ മേഖലയാണ് NATURAL LANGUAGE PROCESSING . ഐഫോണിലുകളിലെ വെർച്വൽ അസിസ്റ്റന്റ് അപ്ലിക്കേഷൻ ആയ SIRI , Natural Language – User Interface എന്ന സാങ്കേതിക വിദ്യയാണ് പ്രയോജനപ്പെടുത്തുന്നത്.

ആർട്ടിഫിഷ്യൽ ഇന്റലിജന്സിനെ കുറിച്ച് പറയുമ്പോൾ ടെർമിനേറ്റർ മൂവീ സീരീസുകളോ യന്തിരൻ സിനിമയോ ഒക്കെയായിരിക്കും നമ്മുടെ മനസ്സിലേക്ക് ആദ്യം ഓടിയെത്തുന്നത്. മനുഷ്യനെപ്പോലെ ഓടുവാനും ചാടുവാനും കൈകാലുകൾ ചലിപ്പിക്കുവാനുമൊക്കെ സാധിക്കുന്ന യന്ത്രങ്ങളുടെ രൂപകൽപ്പനയുമായി ബന്ധപ്പെട്ട ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ മേഖലയാണ് Robotics.

Pattern Recognition എന്ന ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ മേഖല മനുഷ്യന്റെ കമ്പ്യൂട്ടർ വിഷനുമായി ബന്ധപ്പെട്ടുകിടക്കുന്നു. ഒരു ചിത്രമോ വീഡിയോയോ കണ്ടാൽ അതിൽ എന്തൊക്കെ വസ്തുക്കൾ ഉണ്ടന്ന് മനസ്സിലാക്കുവാൻ സാധിക്കുന്നു. ഒന്നോ രണ്ടോ തവണ കണ്ട വസ്തുക്കളെ അടുത്ത തവണ കണ്ടാൽ കൃത്യമായി അതെന്താണെന്നു മനസ്സിലാക്കാൻ നമുക്ക് സാധിക്കുന്നു. ഇതാണ് കമ്പ്യൂട്ടർ വിഷൻ.

മനുഷ്യന്റെ തലച്ചോറിലെ ന്യൂറോണുകളാണ് അവൻറെ പ്രവൃത്തികളെ നിയന്ത്രിക്കുന്നത്. ചുറ്റുപാടുകളെ അറിയുവാനും കേൾക്കുവാനും ഗന്ധം അറിയുവാനും അങ്ങനെ ഒരു മനുഷ്യ ശരീരത്തിൻറെ മുഴുവൻ നിയന്ത്രണവും നാഡീവ്യവസ്ഥയെ ആശ്രയിച്ചിരിക്കുന്നു. അത്യന്തം സങ്കീർണ്ണമായ ഈ ഘടന പ്രയോജനപ്പെടുത്തുന്ന ആർട്ടിഫിഷ്യൽ ഇന്റലിജൻസിൻറെ മേഖലയാണ് മെഷീൻ ലേർണിംഗ്.

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് എന്ന ശാസ്ത്രശാഖ നമുക്ക് മുന്നിൽ വിസ്മയങ്ങളുടെ ഒരു വലിയ ലോകം തന്നെ സൃഷ്ടിക്കുന്നു. വീട്ടുജോലി മുതൽ തനിയെ ഡ്രൈവ് ചെയ്യുന്ന കാറുകൾ വരെ, അല്ലെങ്കിൽ അതിനുമപ്പുറം. ഓൺലൈനിൽ നിങ്ങൾ ഓർഡർ ചെയ്ത ഭക്ഷണം ഡ്രോണുകൾ നിങ്ങളുടെ വീട്ടുവാതിൽക്കൽ എത്തിക്കുന്ന കാലം വിദൂരമല്ല.

അവസരങ്ങളുടെ ഒരു കടലാണ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ്. റോബോട്ടിക്സ് , മെഷീൻ ലേർണിംഗ് തുടങ്ങിയ മേഖലകളിൽ ലക്ഷക്കണക്കിന് തൊഴിലവസരങ്ങളാണ് സമീപഭാവിയിൽ ഉണ്ടാകുവാൻ പോകുന്നത്. മറ്റേതൊരു സാങ്കേതികവിദ്യയേയും പോലെ തന്നെ ആർട്ടിഫിഷ്യൽ ഇന്റലിജൻസിനും ദോഷവശങ്ങൾ ഉണ്ടന്ന് ഒരു കൂട്ടർ അഭിപ്രായപ്പെടുന്നു. SPACEX C.E.O ഇലോൺ മസ്കിന്റെ അഭിപ്രായത്തിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മാനവരാശി നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളികളിലൊന്നാണ്. മനുഷ്യനെക്കാളും ബുദ്ധിയുള്ള മെഷീനുകൾ മനുഷ്യനെ അടിച്ചമർത്തുമെന്നും അവ മരണമില്ലാത്ത വിനാശകാരികളാണെന്നുമാണ് അദ്ദേഹത്തിന്റെ കാഴ്ചപ്പാട്.
എന്നാൽ മാർക്ക് സുക്കർബർഗിനെ പോലെയുള്ളവർ ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സാധ്യതകളെപ്പറ്റി ഗവേഷണങ്ങൾ നടത്തുകയും അതിന്റെ സാദ്ധ്യതകൾ പ്രയോജനപ്പെടുത്തി സാങ്കേതികതയിൽ മുന്നേറുവാൻ ശ്രമിക്കുകയും ചെയ്യുന്നു. നമുക്കും ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ നല്ല വശങ്ങളെക്കുറിച്ച് ചിന്തിക്കാം . ആ സാങ്കേതികവിദ്യയുടെ സാധ്യതകളിലൂടെ പുതിയൊരു ലോകത്തെ സ്വപ്നം കണ്ടു മുന്നേറാം.

……………………………………………………………………………………………………………………………………………………………………..

Vidya V Madhu

Article by: Vidya V Madhu

Share

Leave a Reply

Your email address will not be published. Required fields are marked *