വയലിൻ സ്നേഹിച്ച പെണ്ണ്

ഒരു അനക്കം തട്ടിയപ്പോൾ ആണ് മനസിലായത് ആരോ എന്നെ തഴുകുകയാണ്.

“പപ്പാ ഇതുമതി”

ശെടാ ഞാൻ വന്നിട്ട് കുറച്ചു ദിവസം ആയതെയുള്ളല്ലോ അപ്പോഴേക്കും എന്നെ എടുക്കുവാൻ ആള് വന്നോ. ഞാൻ ഈ കോലത്തിലാകാൻ ഒരുപാടു തട്ടലും അടിയും ഒക്കെ കൊണ്ട് കുറച്ചു ദിവസം അതിന്റെ ക്ഷീണം തീർക്കാം എന്ന് കരുതി ഇരുന്നതാ, സമ്മതിക്കില്ല.

“ലക്ഷ്മി അതു മതിയോ, എന്നാ ഇങ്ങെടുത്തോ. എത്ര ഇതിന്റെ വില?”
ഓഹോ കാര്യങ്ങൾ ഏകദേശം തീരുമാനം ആയി. ലക്ഷ്മി എന്നാണ് അവളുടെ പേര്. ഇനി അവളിലൂടെ ആണ് എനിക്ക് ജീവൻ വെക്കുവാൻ പോകുന്നത്.

തിരിച്ചും മറിച്ചും ഒക്കെ നോക്കുന്നുണ്ട്, ഒന്നും മനസിലാകാത്ത പോലെ. ദൈവമേ, അപ്പോൾ അവൾ വായിക്കുവാൻ പഠിക്കുവാൻ പോകുന്നതേ ഉള്ളു.

വീട്ടിൽ എത്തി അവൾ എന്നെ ബാഗിൽ നിന്നും എടുത്തു വളരെ സന്തോഷത്തോടെ അവളുടെ അമ്മയെയും അനിയത്തിയെയും കാണിച്ചു…

“ഇതിനി എത്ര ദിവസത്തേക്ക് ആണെന്നാ ?.”
അവൾ അനിയത്തി പറയുന്നത് കേൾക്കാതെ എന്നെ എടുത്തു റൂമിൽ കൊണ്ടുപോയി സെൽഫി എടുത്തു വാട്സാപ്പിൽ അവളുടെ ഫ്രണ്ട്സിനോക്കെ അയച്ചുകൊടുത്തു. എല്ലാവരോടും നാളെ മുതൽ വയലിൻ പഠിക്കുവാൻ പോകുന്നതിനെ പറ്റി പറഞ്ഞു അവളുടെ സന്തോഷം പങ്കുവെച്ചു.
അവളുടെ ലോകം ആ ഫോൺ ആയിരുന്നു. അതിലൂടെ അവൾക്കു കിട്ടിയ കുറച്ചു നല്ല സുഹൃത്തുക്കളും . കുറേ അധികം പുസ്തകങ്ങളും ഉണ്ട് അവളുടെ മുറിയിൽ. അവൾക്കു അവളുടെ അച്ഛനോടും അമ്മയോടും ഒക്കെ സ്നേഹമുണ്ട്. പക്ഷേ അവൾ പ്രതീക്ഷിക്കുന്ന ഒരു സ്നേഹമോ കരുതലോ അവൾക്കു തിരിച്ചു കിട്ടുന്നില്ല എന്നുള്ള ഒരു തോന്നൽ അവളെ ഒരു റിസേർവ്ഡ് സ്വഭാവക്കാരിയാക്കി.

അവൾ ഫോണെടുത്തു ഇടയ്ക്കു ആരുടെയോ മെസ്സേജ് വന്നിട്ടുണ്ടോ എന്ന് നോക്കി. കുറെ നേരം നോക്കിയിട്ടും കാണാത്തതുകൊണ്ട് അവൾ ഫോണെടുത്തു വിളിച്ചു…
“ഹലോ , നീ എന്താ മെസ്സേജ് കണ്ടിട്ട് റിപ്ലൈ തരാത്തതു? …നിക്ക് വെക്കല്ലേ, ഒരു കാര്യം പറയാനാ… ഞാൻ വയലിൻ വാങ്ങി. നാളെ മുതൽ ക്ലാസിനു പോകുവാണല്ലോ .”

അവിടുന്ന് എന്തോ മറുപടി ഉണ്ടായിരുന്നു, കട്ട് ആയി. ഫോണിൽ നോക്കി എന്തോ അവൾ പിറുപിറുത്തു. എന്നെ ഒന്ന് നോക്കി. പിന്നെയും ഫോണിലേക്കു നോക്കിയിട്ടു അവൾ കിടന്നു ഉറങ്ങി…

അതെ അവൾ ഒരാളെ സ്നേഹിക്കുന്നുണ്ടായിരുന്നു. അവനോട് ഒരുപാടു സംസാരിക്കുവാനും, അവൾക്കു കിട്ടുന്നില്ലന്നു അവള് കരുതുന്ന സ്നേഹം, അവന്റെയടുത്ത്‌ നിന്ന് കിട്ടുമെന്നുമൊക്കെ അവൾ ഒരുപാടു ആഗ്രഹിച്ചു. അവനെ അവൾ ജീവനു തുല്യം സ്നേഹിക്കുന്നുണ്ടാരുന്നു.

അങ്ങനെ ദിവസങ്ങൾ കടന്നുപോയി. പ്രതീക്ഷിച്ചപോലെ അവൾക്കു എന്നെ നല്ല രീതിയിൽ വായിക്കുവാനോ ഒന്നും കഴിഞ്ഞില്ല. ശരിക്കും പറഞ്ഞാൽ എന്തോ ഒരു ആവേശത്തിൽ അവള് പഠിക്കാൻ തീരുമാനിച്ചതായിരുന്നു. ഒരുപക്ഷെ വീട്ടിൽ ഉള്ള അവസ്ഥയിൽ നിന്നൊരു രക്ഷപെടൽ ആയിരിക്കാം ഉദ്ദേശിച്ചത്. പതുക്കെ പതുക്കെ ഞാൻ അവളുടെ റൂമിലെ അലമാരയിൽ ഒതുങ്ങി, ഒരു കാഴ്ച വസ്തു ആയി മാറി.

ദിവസങ്ങൾ ചെല്ലുന്തോറും അവളുടെ സ്വഭാവത്തിൽ വിഷമങ്ങളും ഒറ്റപെടലുകളും കൂടി കൂടി വന്നു. ഒരുപക്ഷെ അവൾ ഒരുപാടു പ്രതീക്ഷിച്ച സ്നേഹം, അവനിൽ നിന്ന് കുറയുന്നതുകൊണ്ടായിരിക്കാം. എന്താണ് അവർക്കിടയിൽ സംഭവിക്കുന്നത് എന്ന് അറിയില്ല അതു ഒരു പക്ഷേ അവൾക്കും അറിയില്ലാരിക്കും. അവൾ ചില സമയം ഒരുപാടു കരയുകയും, ചിലപ്പോൾ അവളുടെ മറ്റു സുഹൃത്തുക്കളോട് ഒരു കൊച്ചു കുട്ടിയെപ്പോലെ പെരുമാറുന്നതും കാണുന്നു. ശരിക്കും അവൾക്കു എന്താണ് പ്രശ്നം?. അവളുടെ തോളിൽ കൈവെച്ചു എനിക്ക് ചോദിക്കണം എന്നുണ്ടായിരുന്നു. അവൾക്കു ആശ്വാസം നൽകണം എന്നുണ്ടായിരുന്നു, പക്ഷേ കഴിയില്ലല്ലോ?..

എന്നെ അവൾ ശ്രദ്ധിക്കുന്നതു പോലുമില്ല, ഞാൻ പൊടിയടിച്ചു ആർക്കും വേണ്ടാത്ത ഒരു വസ്തുവായി മാറി. എങ്കിലും എനിക്ക് അവളോട് ദേഷ്യം തോന്നിയില്ല അവളുടെ വിഷമങ്ങൾ കുസൃതികൾ ഒക്കെ കണ്ടു ഞാൻ ആസ്വദിച്ചു. പതുക്കെ ആ ഒരു ജീവിതവുമായി ഇഴകി ചേർന്നിരുന്നു.

ഒരു നാൾ വളരെ സന്തോഷത്തോടെ ഇരുന്ന അവൾ ഒരു ഫോൺ കോളിലൂടെ നിശബ്ദയായി. കുറെ നേരം ഫോണിൽ എന്തൊക്കെയോ നോക്കികൊണ്ട്‌ അവൾ ഫോൺ എടുത്തു എറിഞ്ഞു പൊട്ടിക്കരഞ്ഞു. എനിക്ക് അവളെ ഓടിച്ചെന്ന് കെട്ടിപിടിച്ചു സമാധാനിപ്പിക്കാനും, “ഞാൻ ഉണ്ട് നിനക്ക്” എന്ന് പറയാനും ഒക്കെ തോന്നി പക്ഷേ എന്തുചെയ്യാൻ സാധിക്കും?, ഒന്നിനും കഴിയുന്നില്ലല്ലോ എന്നോർക്കുന്നതിന് ഇടയിൽ ഞാൻ ദൂരേക്ക്‌ എവിടെയോ ചെന്നടിച്ചു വീണു. ഞാൻ മാത്രമല്ല മറ്റു പലതും അങ്ങനെ വീണു ചിന്നിച്ചിതറി. ഇനി എന്നെ തൂത്തുവാരി എടുക്കണ്ട അവസ്ഥയിൽ ആണെങ്കിലും എന്താണ് അവൾക്ക് സംഭവിക്കുന്നത് എന്ന് അറിയുന്നതിന് മുന്നേ എന്നെ ആരോ പെറുക്കി വെളിയിലേക്ക് എറിഞ്ഞു.

ഞാൻ അവളെ ഇഷ്ടപ്പെട്ടു തുടങ്ങിയിരുന്നു, പക്ഷേ…

അവൾക്ക് നല്ലത് സംഭവിക്കട്ടെ…

……………………………………………………………………………………………………..

രചന : അഖിൽ പവിത്രൻ ആചാരി

Share

Recommended Posts

Leave a Reply

Your email address will not be published. Required fields are marked *