പുനർജനി

മൈതാനത്തിന് അരികിലെ സിമന്റ് പടവുകളിൽ നക്ഷത്രങ്ങളേയും നോക്കിയിങ്ങനെ മലർന്ന് കിടക്കാൻ തുടങ്ങിയിട്ട് നേരമേറെയായി. ഉള്ളിൽ നുരയുന്ന ലഹരി കെട്ടടങ്ങിയ മരുവോളം കിടക്കണം. പതഞ്ഞൊഴുകുന്ന നിലാവിൽ വെൺമേഘ തുണ്ടുകൾ നീന്തിത്തുടിക്കുകയാണ്. മാനം നിറയെ പൂത്തുലഞ്ഞ നക്ഷത്രക്കൂട്ടങ്ങൾ ഇടയ്ക്കിടെ തന്നെ നോക്കി കണ്ണിറുക്കി കാണിക്കുന്നുമുണ്ട്.

ആരോടുള്ള വാശി തീർക്കുന്നതിനാണ് താനിവിടെ കിടക്കുന്നത്. തന്നോട് തന്നെയോ?

വൈകുവോളം അച്ചാറു കമ്പനിയിലെ തിരക്കിൽ നിന്നടർന്ന് ബസ്സിലെ ബഹളത്തിൽ ഞെരിഞ്ഞ് കമ്പിയിൽ തൂങ്ങിയാടി ഒരു പരുവത്തിലാണ് അശ്വതി വീട്ടിലേക്കെത്തുന്നത്. ഒതുക്കു കല്ലുകൾ കയറി മുറ്റത്തെത്തിയാൽ തന്നെയും നോക്കിയിരിക്കുന്ന മോളെ വാരിയെടുത്ത് മാറോടണയ്ക്കുമ്പോൾ എല്ലാ തളർച്ചയും മറക്കും.തോളിൽ തൂക്കിയ ബേഗ് പിടിച്ചു വാങ്ങി, അവൾക്കായുള്ള ചോക്കളേറ്റ് തിരയുമ്പോൾ പകൽ മോൾക്ക് കൂട്ടിരിക്കാനായി വരുന്ന പാറുവമ്മ വീട്ടിലേക്ക് പോകാനായി ഇറങ്ങിയിട്ടുണ്ടാകും.

വീട്ടിലെ പണികളുടെ തിരക്കിലേക്ക് കൂപ്പുകുത്തുകയായി പിന്നെ. രാത്രിയേറെ വൈകിയാകും സുധിയേട്ടൻ വരിക. ഒരു സ്വകാര്യ സ്ഥാപനത്തിൽ ഭേദപ്പെട്ട ജോലിയുണ്ട് സുധിക്ക്. മിക്ക ദിവസങ്ങളിലും ഉറയ്ക്കാത്ത കാലുകളോടെയായിരിക്കും വരവ്. അപ്പോഴേക്കും മോൾ ഉറങ്ങിയിട്ടുണ്ടാകും.

എന്തെങ്കിലും നിസ്സാര കാര്യത്തെ ചൊല്ലി ശണ്ഠകൂടാതെ ഒരിക്കലും അയാൾ കിടക്കാറില്ലായിരുന്നു. പതിവ് ചടങ്ങായതിനാൽ അശ്വതി അതത്ര കാര്യമാക്കാറില്ലായിരുന്നു .

ഇന്നെന്തിനാണ് താൻ വഴക്ക് കൂടിയത്.മദ്യലഹരിയിലായ താൻ എന്തൊക്കെയാണ് പറഞ്ഞതും ചെയ്തതുമെന്ന് ആലോചിച്ചെടുക്കുവാൻ പോലും അയാൾക്കാകുന്നില്ലായിരുന്നു.

അച്ഛനേയും അമ്മയേയും എതിർത്ത് ഇഷ്ടപ്പെട്ട പെണ്ണിനേയും കൂട്ടി വന്നപ്പോൾ പുറത്തേക്ക് വിരൽ ചൂണ്ടി ആക്രോശിക്കുന്ന അച്ഛന്റെ മുഖമാണ് എപ്പോഴും തെളിയുന്നത്.അശ്വതിയേയും കൂട്ടി പുറത്തേക്ക് നടന്നു. വാതിലിനപ്പുറം കരളുരുകി കരയുന്ന അമ്മയുടേയും അനുജത്തിയുടേയും ദൈന്യതയാർന്ന മുഖങ്ങൾ എപ്പോഴും തന്നെ വേട്ടയാടിക്കൊണ്ടിരിക്കുന്നു.

സിമന്റ് പടവിൽ കൈകളൂന്നി സുധി എഴുന്നേറ്റിരുന്നു.വസ്ത്രങ്ങളൊക്കെ മഞ്ഞ് വീണ് കുതിർന്നിരുന്നു. തലയ്ക്ക് വല്ലാത്ത ഭാരം. താനിതെവിടെയാണ്? ആകാശത്ത് നക്ഷത്രങ്ങൾ മിന്നിതിളങ്ങുന്നു. ചന്ദ്രൻ മേഘപാളികളിൽ ഒളിഞ്ഞും തെളിഞ്ഞും കളിക്കുന്നു. നരച്ച നിലാവിൽ മൈതാനത്തെ ഗോൾ പോസ്റ്റുകൾ അവ്യക്തമായി കാണുന്നുണ്ട്.

അശ്വതിയോട് വഴക്കിട്ട് ഇനി തിരിച്ച് വരില്ലെന്നും പറഞ്ഞ് ഇറങ്ങി പോന്നതും മൈതാനത്തിലെത്തിയതും മങ്ങിയ ഓർമ്മയായി തെളിയുന്നുണ്ട്. വേച്ചു വേച്ച് വീട് ലക്ഷ്യമാക്കി നടന്നു. ഇപ്പോഴും ലഹരി അടങ്ങിയിട്ടില്ല. ഒതുക്കു കല്ലുകൾ കയറുമ്പോൾ വാതിൽപടിയ്ക്കരികിൽ തന്നേയും കാത്ത് ഉറങ്ങാതിരിക്കുന്ന അശ്വതി. കൺപോളകൾ കരഞ്ഞ് വീർത്തിരിക്കുന്നു. കവിളുകളിൽ തിണർത്ത വിരൽപ്പാടുകൾ

” ഇന്ന് പണിക്ക് പോകേണ്ട .നമുക്ക് ഒരു സ്ഥലം വരെ പോകാനുണ്ട് ” അച്ചാറ് കമ്പനിയിലേക്ക് പോകാനായിറങ്ങിയ അശ്വതിയോട് അയാൾ പറഞ്ഞു. ചോദ്യഭാവത്തിൽ അയാളെ നോക്കിയതല്ലാതെ അവൾ മറുപടിയൊന്നും പറഞ്ഞില്ല.

ഓട്ടോയിൽ വലിയ ഗേയ്റ്റ് കടക്കവേ കണ്ട ബോർഡിൽ അശ്വതിയുടെ കണ്ണുകൾ ഉടക്കി. “പുനർജനി ലഹരി വിമുക്തി ചികിത്സാ കേന്ദ്രം ” .

മൂന്ന് മാസങ്ങൾക്ക് ശേഷമുള്ള ഒരു വൈകുന്നേരം. ജോലി കഴിഞ്ഞ് മോൾക്കുള്ള പലഹാര പൊതിയുമായി വീട്ടിലേക്ക് കയറി വന്ന സുധി അത്ഭുതപ്പെട്ടു പോയി. തന്റെ അച്ഛന്റെ മടിയിലിരുന്ന് കളിക്കുന്ന മോൾ, അരികിൽ അമ്മയും അനുജത്തിയും അശ്വതിയും.താൻ സ്വപ്നം കാണുകയാണോ.അയാളുടെ കണ്ണുകൾ നിറഞ്ഞൊഴുകുകയായിരുന്നു, മനസ്സും.
…………………………………………………………………………………………………….

Shinoj K Achary

Shinoj K Achary

രചന : ഷിനോജ് കെ ആചാരി

Share

Leave a Reply

Your email address will not be published. Required fields are marked *