പണിക്കൻ

ചെങ്കനൽ. ആയിരം ഇതളായി വിടരുന്ന പൊൻജ്വാലകൾ.പറന്നുയരുന്ന മഴപ്പാററകൾ പോലെ തീപ്പൊരിപ്പൊട്ടുകൾ.ചുട്ടുപഴുത്ത ഇരുമ്പിനെ ശ്രദ്ധയോടെയെടുത്ത് പരുവപ്പെടുത്തുമ്പോൾ ഇടയ്ക്കെപ്പോഴോ അയാൾ മുഖം തെല്ലുയർത്തി നോക്കി.മുററത്തിട്ടിരിക്കുന്ന പഴയ ബെഞ്ചിൽ നാലഞ്ച് അക്ഷമരായ മുഖങ്ങൾ.നെററിത്തടത്തിൽ നിന്നടർന്നു വീണ വിയർപ്പുതുള്ളികൾ തുടച്ച് അയാൾ പണി തുടർന്നു.

“പണിക്കാ ഈ കത്തിയൊന്നു വേഗം ശരിയാക്ക്,ഇത്തിരി തിരക്കുണ്ട്”. ഒന്നുമുരിയാടാതെ നീരസത്തോടെ ആഗതനെ മുഖമൊന്നുയർത്തി നോക്കി. ഏറേ നാളായി അസഹനീയമായ ഈ വിളി കേൾക്കുന്നു.

അയാളിലെ അപകർഷതാബോധം വഴുവഴുത്ത പുറംചട്ട പിളർന്ന് പുറത്തേക്ക് ചാടി.അപ്പനപ്പൂപ്പന്മാരുടെ കാലം മുതൽ വിളിച്ചു കേൾക്കുന്നതാണിത്. തനിക്കൊരു പേരുണ്ടല്ലോ?

ആരോടൊ അരിശം തീർക്കുന്നതു പോലെ പഴുപ്പിച്ചെടുത്ത ഇരുമ്പിനെ ആഞ്ഞാഞ്ഞിടച്ചു പതം വരുത്തിക്കൊണ്ടിരുന്നു. വന്നവരൊക്കെ തിരികെയിറങ്ങയപ്പോൾ നേരമേറെക്കഴിഞ്ഞിരുന്നു.

കൂനിക്കൂടിയിരുന്ന് വളഞ്ഞ് ശോഷിച്ചു പോയ അയാൾ നിവർന്നിരുന്ന് മൺകുടത്തിൽ നിന്നിത്തിരി വെള്ളം കുടിച്ചു.പതുക്കെ കയ്യെത്തിച്ച് ഉലയുടെ അരികിലായി കൂട്ടിയിട്ട കരിക്കട്ടയിലൊന്നെടുത്ത് ആലയുടെ പലകവാതിലിൽ എഴുതി, “പണിക്കൻ എന്നു പേരില്ല-രഘു”.തിരിഞ്ഞ് ചെമ്മൺപാതയിലേക്കെത്തി നോക്കി,രഘുവെന്ന വിളി കേൾക്കുന്നുണ്ടോയെന്നറിയാൻ.
…………………………………………………………………………………………………….

Shinoj K Achary

Shinoj K Achary

രചന : ഷിനോജ് കെ ആചാരി

Share

Leave a Reply

Your email address will not be published. Required fields are marked *