ഉയിർച്ചൂര്

മഴമേഘങ്ങൾ മലനിരകളെ തഴുകി നീങ്ങുന്നതും നോക്കിയിരിക്കാൻ തുടങ്ങിയിട്ട് ഏറെ നേരമായി.കൂടണയാനുള്ള വ്യഗ്രതയിൽ കൊറ്റിക്കൂട്ടങ്ങൾ പറന്നകലുന്നു. ഉടനെയൊരു മഴയുണ്ടാകാനുള്ള സാധ്യതയുണ്ട്. എന്നിട്ടും.. അയാളവിടെത്തന്നെയിരുന്നു, ഒട്ടും ധിറുതിയില്ലാതെ.മൈതാനത്ത് കളിച്ചുകൊണ്ടിരുന്ന യുവാക്കൾ കളിനിറുത്തിപ്പോകാൻ തിടുക്കംകൂട്ടി. തണുത്തകാറ്റ് വീശിയടിക്കാൻ തുടങ്ങി. കുറച്ചു ദിവസങ്ങളായി, വൈകുന്നേരമാകുമ്പോൾ ഈ മഴക്കോള് .എന്നാലൊട്ടു പെയ്യുന്നുമില്ല. ഇന്നെന്തായാലും പതിവുപോലെയല്ല, പെയ്യുന്ന മട്ടുണ്ട്.പെയ്യട്ടെ..പെയ്തൊഴിയട്ടെ.

പ്രണയാഭ്യർത്ഥനയുടെ ബാക്കിപത്രങ്ങളായി കത്തിക്കരിഞ്ഞുപോകുന്നതും കത്തിയെരിക്കപ്പെടുന്നതുമായ ജീവിതങ്ങളും സ്വപ്നങ്ങളും വാർത്തകളിലൊക്കെ നിറഞ്ഞുനില്ക്കുന്നു.

ഉന്മാദം പടർത്തിക്കൊണ്ട് പെട്രോളിന്റെ ഗന്ധം നാസാരന്ധ്രങ്ങളിൽ തുളഞ്ഞുകയറുന്നു. അരികിൽ..പാർക്കുചെയ്തിരിക്കുന്ന ബൈക്കിൽനിന്നു പെട്രോൾ മണക്കുന്നുണ്ട്. തന്റെയുള്ളിലേക്കു കത്തിപ്പടരുന്ന അഗ്നിനാളങ്ങൾ. കത്തിയെരിയുന്ന പച്ചയിറച്ചിയോടൊപ്പം പരക്കുന്ന പെട്രോൾ ഗന്ധം.!

ഏറെയിഷ്ടമായിരുന്നു,എല്ലാവരേക്കാളറെ, എന്തിനേക്കാളേറെ. അതിനാലാവാം ഏറെ ലാളിച്ചതും. അവസാനനാൾ വരെ ഒപ്പമുണ്ടാകണമെന്നും തനിക്കൊരു തണലാകുമെന്നും കരുതി പോറ്റിവളർത്തിയ മകൻ ഇന്നു തനിക്കൊപ്പമില്ല..

തന്റെ ജീവിതത്തിന്റെ നിറമാകെ കത്തിയെരിച്ചതിനൊപ്പം മറ്റൊരു കുടുംബത്തിന്റെ വെളിച്ചംകൂടി തല്ലിക്കെടുത്തി കടന്നുകളഞ്ഞവൻ. പ്രതീക്ഷകളും മോഹങ്ങളും പിച്ചിക്കീറിയെറിഞ്ഞ് ജീവിതത്തിൽ നിന്നൊളിച്ചോടിയപ്പോൾ നിറഞ്ഞുതൂവിയത് തന്റെയും ഭാര്യയുടെയും കണ്ണുകളും മനസ്സും മാത്രമായിരുന്നില്ല.

അമിതലാളനയേകിയ മധുരത്തിനു പകരംവെക്കേണ്ടിവന്നതിന് ഇത്ര കയ്പ്പേറുമെന്ന് ഒരിക്കലും നിനച്ചിരുന്നില്ല. ആവശ്യപ്പെടുന്നതെന്തായാലും സാധിച്ചുകൊടുക്കുമ്പോൾ, ആ മുഖത്ത് വിരിയുന്ന സന്തോഷമായിരുന്നു തന്റെ ദൗർബല്യം. ആ ദൗർബല്യത്തെയാണ് അവൻ ഇത്രനാളും ചൂഷണം ചെയ്തതും. ഇനിയതു നടക്കില്ലല്ലോ.

എത്രയോ നാളുകളുടെ കാത്തിരിപ്പിനൊടുവിൽ കൈവന്ന ഭാഗ്യമെന്ന് നിനച്ചതിനൊടുവിൽ കിട്ടിയതിത്രയും കഠിനമായ പരീക്ഷണമായിപ്പോയതിലാണ് ദു:ഖമേറേയും.

ഒരായിരം സൂചിമുനകൾ ഹൃദയത്തിലേക്കാഴ്ന്നിറങ്ങുന്ന നൊമ്പരം. തികട്ടിവന്ന തേങ്ങലൊതുക്കാൻ നടത്തിയ ശ്രമങ്ങളൊന്നും വിജയിച്ചില്ല. എരിഞ്ഞടങ്ങാൻ വെമ്പുന്ന സൂര്യൻ കാർമേഘങ്ങൾക്കിടയിൽ അവിടെയവിടെയായി മറന്നുവെച്ചുപോയ ചെങ്കനലുകളിലേക്ക് വെറുതേ മിഴികൾ നട്ടിരുന്നു.

നിറയുന്ന പത്രത്താളുകളിലെ നിറംതേച്ച വാർത്തകൾക്കൊപ്പം ചിരിച്ചുകൊണ്ടിരിക്കുന്ന ഒരു കൊച്ചുമിടുക്കി. കടംകൊണ്ടതും വീട്ടിത്തീർക്കേണ്ടതുമായ പഠനഭാരവുമായി, കുത്തിനിറയ്ക്കപ്പെട്ട ബസ്സിൽ ദിവസവും വന്നിറങ്ങുന്നവൾ. ആ നീളൻകണ്ണുകളിൽ കിനാവിന്റെപൂത്തിരി കത്തിച്ചുകൊടുത്തത് തന്റെ മോനായിരുന്നു. പലതവണ നിരസിച്ചുവെങ്കിലും നിർബന്ധങ്ങൾക്കൊടുവിൽ അവനെ ഹൃദയത്തിലേക്കവൾ സ്വീകരിച്ചു.

എന്നാലതിനു ദൈർഘ്യമേറിയില്ല.തന്റെ കടമകൾ മറക്കാതിരിക്കുവാനായി, തന്നിൽമാത്രം പ്രതീക്ഷകളർപ്പിച്ചവർക്കായി മറ്റെല്ലാമുപേക്ഷിക്കാൻ ശ്രമിക്കുകയായിരുന്നു ആ പാവം. ആഗ്രഹിച്ചതു കിട്ടാതെവരുമ്പോൾ, ശാഠ്യംപിടിച്ചും ഭീഷണിപ്പെടുത്തിയും കാര്യം നേടനാനവനു വഴി തുറന്നുകൊടുത്തത് തന്റെ അമിതലാളന മാത്രമായിരുന്നു. അതാണവൻ ഒരു കുപ്പി പെട്രോളാൽ തീർത്തതും. തനിക്കുകിട്ടാത്തത് മറ്റാർക്കും കിട്ടരുത് എന്നു കരുതിയിരിക്കണം.

നെഞ്ചിലെ നൊമ്പരമേറിവരുന്നു. നടപടികളൊക്കെക്കഴിഞ്ഞു. കത്തിയെരിഞ്ഞതിൽ ബാക്കിയായതു വാരിയെടുത്തു വീട്ടിലെത്തിച്ചപ്പോൾ തളർന്നുവീണതാണവന്റെയമ്മ. ആ പെൺകിടാവിന്റെ വീട്ടിലും സ്ഥിതി മറിച്ചാവില്ലല്ലോ?

കോടതിയിൽനിന്നു വിട്ടുകിട്ടിയ ബൈക്ക് വീട്ടിലെത്തിച്ചു. ഇടയ്ക്കിടയ്ക്ക് ബൈക്കിൽ നിന്നുയരുന്ന പെട്രോൾഗന്ധം തന്നെ ഭയപ്പെടുത്തിക്കൊണ്ടിരിക്കുന്നു. വീട്ടിൽനിന്നു പുറത്തിറങ്ങാറേയില്ലാത്ത ഭാര്യ ഒരുദിവസം പോർച്ചുവരെ ഏന്തിവലിച്ചുവന്നു. ബൈക്കിൽ കെട്ടിപ്പിടിച്ചു കരഞ്ഞ് ബോധമറ്റു നിലത്തേക്കു വീണു. പിന്നീടെഴുന്നേറ്റിട്ടേയില്ല.

മൈതാനത്തിനരികിലിരുന്ന അയാൾ പതുക്കെയെണീറ്റു.മഴ വരുമെന്നോർത്ത് കളിച്ചുകൊണ്ടിരുന്നവരൊക്കെ പോയിരുന്നു. ഇരുട്ട് പരക്കാൻതുടങ്ങി. ബൈക്കിന്റെ പെട്രോൾടാങ്കിൽനിന്നുള്ള റബർട്യൂബയാൾ വലിച്ചുപൊട്ടിച്ചു ടാപ്പ്തുറന്നു. ധാരയായൊഴുകിയ പെട്രോൾ എൻജിനിൽ വീണ് നിലത്തേക്കുപരന്നൊഴുകി. അതിൽനിന്നുയർന്ന ഗന്ധം ഉള്ളിലേക്കാഴ്ന്നു കയറുന്നു.

നെഞ്ചിൽ വലിയൊരു ഭാരം കൂടുകെട്ടിയിരിക്കുന്നു. ആ ഭാരമേൽപ്പിച്ച വേദനയിൽ ദേഹംമുഴുവൻ വെട്ടിവിയർത്തു.. അവ്യക്തമായ കാഴ്ചയോടെ ബൈക്കിനുചുറ്റും പ്രദക്ഷിണംവച്ചുകൊണ്ടിരുന്ന അയാൾ സീറ്റിലേക്ക് കമിഴ്ന്നുവീണു. ആ കിടപ്പിൽ മകന്റെ കരഗന്ധമേറ്റ ആക്സിലേറ്ററിൽ അമർത്തി ചുംബിച്ചു.

വിറയ്ക്കുന്ന കൈകളോടെ കീശയിൽനിന്ന് ലൈറ്ററെടുത്തു.കൈയ്യിൽ കരുതിയ പേപ്പർചുരുളിലേക്ക് ലെറ്റർ തെളിച്ച് തീ പകർന്നപ്പോൾ നിറഞ്ഞൊഴുകിയ കണ്ണീരാൽ ഒന്നുമയാൾക്ക് കാണാൻ കഴിയുന്നില്ലായിരുന്നു.പതുക്കെ പിന്നോട്ട് മാറി കൈയ്യിൽ കത്തിക്കൊണ്ടിരിക്കുന്ന കടലാസു ചുരുൾ ബൈക്കിന്നരികിലേക്ക് വലിച്ചെറിഞ്ഞ് തിരിഞ്ഞുനോക്കാതെ നടന്നു. ഏറെ നടക്കാനായില്ല. പൊട്ടിപ്പിളരുന്ന ഇടനെഞ്ചമർത്തി അയാൾ പച്ചമണ്ണിലേക്ക് തളർന്നുവീണു. അയാൾക്കു പിറകിൽ ആളിപ്പടരുന്ന തീജ്വാലയോടൊപ്പം പെട്രോൾ ഗന്ധവും ഉയർന്നുപൊങ്ങി.ദൂരെ പേമാരിയുടെ ആരവങ്ങളുമുയരുന്നുണ്ടായിരുന്നു.

…………………………………………………………………………………………………….

Shinoj K Achary

രചന : ഷിനോജ് കെ ആചാരി

Share

Recommended Posts

Leave a Reply

Your email address will not be published. Required fields are marked *